കോൽക്കത്ത: ഇസ്രയേലിലെ ജറൂസലേമിൽ വൃദ്ധദമ്പതികളെ പരിചരിച്ചിരുന്ന ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാളിലെ കലിംപോംഗ് സ്വദേശിയായ രാജീവ് ആചാര്യ (40) യാണു മരിച്ചത്. സംഭവത്തിൽ രാജീവ് പരിചരിച്ചിരുന്ന വയോധികദമ്പതികളുടെ കൊച്ചുമകനായ ഏവിയോർ സാക്ക (31) നെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 23നായിരുന്നു സംഭവം. സ്വന്തം മുറിയിൽ വിശ്രമിക്കുകയായിരുന്ന രാജീവിനെ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൃത്യത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും ആയുധവുമായി കടന്നുകളയാനും പ്രതി ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
മൃതദേഹം ജന്മനാടായ കലിംപോംഗിൽ എത്തിച്ച് സംസ്കരിച്ചു. പ്രായമായ മാതാപിതാക്കളും 6, 8 ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രാജീവ്.
കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. രാജീവ് കഴിഞ്ഞ ആറു വർഷമായി ഇസ്രയേലിൽ ജോലി ചെയ്തു വരികയായിരുന്നു.
നിലവിൽ 60,000 ഇന്ത്യക്കാർ ഇസ്രയേലിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കെയർഗിവർമാരാണ്.
സ്വകാര്യ വീടുകളിൽ താമസിച്ച് ജോലി ചെയ്യുന്ന ഇത്തരം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ സംവിധാനങ്ങൾ വേണമെന്ന് വിദേശ തൊഴിലാളികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.